തിരുനല്ലൂർ കരുണാകരൻ

മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.


 ജീവിതരേഖ

1924 ഒക്ടോബർ 8-ന്‌ കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട്ട്‌ പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ്‌ തിരുനല്ലൂർകരുണാകരൻ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. ഇ.എസ്‌.എൽ.സി.ക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്ക്കൂളിലും ബി.എ.യ്ക്ക്‌ കൊല്ലം എസ്‌.എൻ.കോളേജിലും പഠിച്ചു.

 ഔദ്യോഗികജീവിതം

ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ്‌ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ്‌ കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു.

 മറ്റു പ്രവർത്തനങ്ങൾ

1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ്‌ റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.

 സാഹിത്യവും ദർശനവും

മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു.. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള ര‍ചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്.
ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി.. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു... ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു..

പുരസ്കാരങ്ങൾ

തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന്‌ 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക് മൂ ലൂർ അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുർസ്കാരവും ലഭിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

  • സമാഗമം
  • മഞ്ഞുതുള്ളികൾ
  • സൌന്ദര്യത്തിന്റെ പടയാളികൾ
  • പ്രേമം മധുരമാണ്‌ ധീരവുമാണ്‌
  • രാത്രി
  • റാണി
  • അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം)
  • താഷ്‌കെന്റ്‌
  • തിരുനല്ലൂർ കരുണാകരൻറെ കവിതകൾ]
  • ഗ്രീഷ്മസന്ധ്യകൾ
  • വയലാർ
  • മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും
  • ഒരു മഹായുദ്ധത്തിന്റെ പര്യവസാനം
  • പുതുമഴ (കുട്ടിക്കവിതകൾ)
  • അനുസ്മരണങ്ങൾ (ലേഖനങ്ങൾ)

വിവർത്തനങ്ങൾ

മരണം

81-ആം വയസ്സിൽ 2006 ജൂലൈ 5 ന് ജന്മനാട്ടിൽ വച്ച് അന്തരിച്ചു . കവിയുടെ അഭീഷ്ട പ്രകാരം മതാചാരപ്രകാരമുള്ളഅന്ത്യചടങ്ങുകൾ ഒഴിവാക്കി.

സ്മാരക പ്രവർത്തനങ്ങൾ

കവിയുടെ സ്മരണയ്ക്കായി 'തിരുനല്ലൂർസ്മ്രുതികേന്ദ്രം' എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് ഒന്നു (സാർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ മൂന്ന് ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു.
അന്നം
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ത്രിശ്ശിവപേരൂര്‍ പൂരപ്പറമ്പ് കടന്നു ഞാന്‍
ഒട്ടിയ വയറുമായ് ഉച്ചയ്ക്ക് കേറിച്ചെന്നു.
‘ഇത്ര മാത്രമേ ബാക്കി’യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരും ഉപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതും നോക്കി നില്‍ക്കുമ്പോള്‍ മഹാകവി,
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞു പോയ്
‘ആരു പെറ്റതാണാവോ പാവമീ ചെറുക്കനെ,
ആരാകിലെന്തപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം!’
എനിക്കു ചിരി വന്നു, ‘ബാഹുക ദിനമുന്തിക്കഴിക്കു-
മവിടുത്തെ ജാതകം ബഹുകേമം!’
‘കൂടല്‍മാണിക്യത്തിലെ സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം കെങ്കേമമാപ്പുളിങ്കറി.’
അപ്പൊഴെന്‍ മുന്നില്‍ നിന്നു മാഞ്ഞു പോയ് വൈലോപ്പിള്ളി,
മറ്റൊരു രംഗം കണ്ണില്‍ തെളിഞ്ഞു, പറഞ്ഞു ഞാന്‍,
വംഗ സാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തി തന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കമന്തിമാന്നമായ് വെച്ച
മണ്‍‍കലത്തിലെ ചോറു തിന്നതു ഞാനോര്‍ക്കുന്നു!
മിണ്ടീലൊന്നും, ചെന്നു തന്‍ ചാരു കസാലയില്‍
ചിന്ത പൂണ്ടവിടുന്നു കിടന്നൂ കുറച്ചിട.
ഇന്നെനിക്കറിയാമാക്കിടപ്പിലുണര്‍ന്നില്ലേ,
അങ്ങ തന്നുള്ളില്‍ ജഗത് ഭക്ഷകനാകും കാലം
പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

സഫലമീ യാത്ര
എന്‍. എന്‍. കക്കാട്ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും, പോകുമല്ലേ സഖീ,
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍‍ക്കട്ടെ,
നീയെന്നണിയത്ത് തന്നെ നില്‍‍ക്കൂ;
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറി വീഴാം -
വ്രണിതമാം കണ്ഠത്തില്‍
ഇന്ന് നോവിത്തിരി കുറവുണ്ട്!

വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയിലലിയും ഇരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്ന് വിറയ്ക്കുമീയേകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ, നീ തൊട്ട് നില്‍‍ക്കൂ!

ആതിര വരുന്നേരമൊരുമിച്ചു കൈകള്‍ കോര്‍-
‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി, വരും കൊല്ല
മാരെന്നുമെന്തെന്നുമാര്‍ക്കറിയാം!
എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ?
ചന്തം നിറയ്ക്കുകീ ശിഷ്ട ദിനങ്ങളില്‍!

മിഴി നീര്‍ ചവര്‍പ്പ് പെടാതീ മധുപാത്ര-
മടിയോളം മോന്തുക, നേര്‍ത്ത നിലാവിന്‍റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്‍റെയറകളിലെയോര്‍മ്മകളെടുക്കുക,
ഇവിടെയെന്തോര്‍മ്മകളെന്നോ!

നെറുകയിലിരുട്ടേന്തി പാറാവ് നില്‍ക്കുമീ
തെരുവു വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമ്മില്ലെന്നോ? ഒന്നുമില്ലെന്നോ?

പല നിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചുമോ
പതിറ്റാണ്ടുകള്‍ നീണ്ടൊരീ അറിയാത്ത വഴികളി-
ലെത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണമൊക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേ-
ക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്ന് പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞു പോം മലകളില്‍

പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങള്‍,
ഇളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാൽപ്പാട്ടുയരുന്നുവോ സഖീ,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ, ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെ, അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ!

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലു-
മാതിരയെത്തും കടന്നു പോമീ വഴി;
നാമീ ജനലിലൂടെതിരേല്‍‍ക്കു-
മിപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം!
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി-
യതിലൊറ്റ മിഴി നീര്‍ പതിക്കാതെ, മനമിടറാതെ!

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
രാജഹംസം
വയലാര്‍

കൈയ്യിലൊരിന്ദ്ര ധനുസ്സുമായ് കാറ്റത്ത്
പെയ്യുവാന്‍ നിന്ന തുലാവര്‍ഷ മേഘമേ
കമ്ര നക്ഷത്ര രജനിയില്‍ ഇന്നലെ-
ക്കണ്ടുവോ നീയെന്‍റെ രാജഹംസത്തിനെ?
മൂകത നീലത്തിരശ്ശീല വീഴ്ത്തിയ
ശോകാന്ത ജീവിത നാടകവേദിയി‍-
ലിപ്രപഞ്ചത്തിന്‍ മനോരാജ്യ സന്ദേശ
ശില്പവുമായ് വന്ന രാജഹംസത്തിനെ?
ഈറന്‍ മിഴിയും നനഞ്ഞ ചിറകുമായ്
ഈ വഴിയേ പോയ രാജഹംസത്തിനെ!
കണ്ണിനു മുന്നില്‍ ചിതാ ധൂമ പാളി പോല്‍
വന്നു നില്‍ക്കുന്ന തമോമയ രൂപമേ,
മോഹമാത്മാവിന്‍ വലം കൈയ്യില്‍ നല്‍കിയ
ദാഹജലക്കുമ്പിള്‍ തട്ടിപ്പറിച്ചു നീ!
നാടകം തീര്‍ന്നില്ല,യവസാന രംഗവും കൂടിയു-
ണ്ടെങ്ങു പോയെങ്ങ് പോയ് നായകന്‍?
ഒന്നിച്ചു ഞങ്ങളരങ്ങത്ത് വന്നതാ-
ണൊന്നും പറയാതെയെങ്ങു പോയ് നായകന്‍?
രംഗം തുടങ്ങണമസ്വസ്ഥ ചിത്തരായ്
തങ്ങളില്‍ തങ്ങളില്‍ നോക്കുന്നു കാണികള്‍!
ആരോ യവനിക വീണ്ടുമുയര്‍ത്തി, ഞാ-
നാരംഗ വേദിയില്‍ നിശ്ചലം നിന്നു പോയ്
ഈ നടക്കാവില്‍ വിടരുവാന്‍ നില്‍ക്കാതെ
കാനനപ്പൂക്കള്‍ കൊഴിഞ്ഞ് വീണീടവേ,
കൈയ്യിലൊരു പിടി ദര്‍ഭയുമായ്, ബലി-
ക്കല്ലു നനയ്ക്കുവാന്‍ ബാഷ്പോദകവുമായ്
നോവും മുടന്തുകാല്‍ വച്ചു നടന്നല-
ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്‍ വന്നു കയറി ഞാന്‍,
വന്നു കയറി ഞാന്‍, കാലം കെടുത്തിയ
മണ്‍‍വിളക്കും താങ്ങി നില്‍ക്കുന്നു തൂണുകള്‍,
ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്‍റെ
കുത്തും ഞെറിയുമഴിച്ചു കെട്ടീടണം,
കൈപ്പ് കുടിച്ചു മയങ്ങിക്കിടക്കുമെന്‍
സ്വപ്നങ്ങളെക്കണ്ട് പൊട്ടിക്കരയണം,
എന്നിലെ തീക്കനലൂതിപ്പിടിപ്പിച്ച്
ചന്ദനപ്പട്ടടയ്ക്കഗ്നി കൊളുത്തണം.
സ്നേഹം മരിച്ചു കിടക്കുമെന്‍ കൂട്ടിലേ-
ക്കാഹാ! മടങ്ങിത്തിരിക്കുകയില്ല ഞാന്‍.
ഒന്നുമെന്നോടിന്ന് ചോദിക്കരുതാരു-
മെന്നെ വിളിക്കരുതാകെ തളര്‍ന്ന് ഞാന്‍.
കണ്ണീരില്‍ മാത്രമലിഞ്ഞു തീരാന്‍ നില്‍ക്കു-
മെന്നിലെ മൌനം എറിഞ്ഞുടയ്ക്കില്ല ഞാന്‍.
കൈയ്യില്‍ പിടയുമെന്നാത്മാവുമായ് വന്ന്
കണ്‍‍മുന്‍പില്‍ നില്‍ക്കും തമോമയ രൂപമേ,
എന്നെ ഞാന്‍ നല്‍കാം, എനിക്ക് തിരിച്ചു നീ-
യെന്ന് കൊണ്ടത്തരും വിക്രമന്‍ ചേട്ടനെ?
കവിത
സച്ചിദാനന്ദന്‍

ഞാന്‍ മുസ്ലിം

രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുല്‍ റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍
'ക്രൂരമുഹമ്മദരു'ടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍

'ഒറ്റ ക്കണ്ണനും' 'എട്ടുകാലി'യും
'മുങ്ങാങ്കോഴി'യുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയതങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്
കളസം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഗ് വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേരു : 'ഭീകരവാദി'

ഇന്നാട്ടില്‍ പിറന്നു പോയി, ഖബറ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റു മുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി : എന്റെ പേരു.

ആ 'നല്ല മനിസ'നാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം?
'ഇഷ്ഖി'നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും?

കുഴിച്ചുമൂടിക്കോളൂ ഒപ്പനയും കോല്‍ക്കളീയും ദഫ് മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രവിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം.
സദ്ഗതി - ബാല ചന്ദ്രന്‍ ചുള്ളിക്കാട്


ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായ്‌ അന്ധയായ്‌ മൂകയായ്‌
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നു നില്‍ക്കുന്നു

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ..
നിന്‍ ഹൃദയം പരതി പരതി
തളര്‍ന്നു പോകെ...

ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..