സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്. 1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു[1]. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്[2].
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്[1]. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

No comments:

Post a Comment