രാജഹംസം
വയലാര്‍

കൈയ്യിലൊരിന്ദ്ര ധനുസ്സുമായ് കാറ്റത്ത്
പെയ്യുവാന്‍ നിന്ന തുലാവര്‍ഷ മേഘമേ
കമ്ര നക്ഷത്ര രജനിയില്‍ ഇന്നലെ-
ക്കണ്ടുവോ നീയെന്‍റെ രാജഹംസത്തിനെ?
മൂകത നീലത്തിരശ്ശീല വീഴ്ത്തിയ
ശോകാന്ത ജീവിത നാടകവേദിയി‍-
ലിപ്രപഞ്ചത്തിന്‍ മനോരാജ്യ സന്ദേശ
ശില്പവുമായ് വന്ന രാജഹംസത്തിനെ?
ഈറന്‍ മിഴിയും നനഞ്ഞ ചിറകുമായ്
ഈ വഴിയേ പോയ രാജഹംസത്തിനെ!
കണ്ണിനു മുന്നില്‍ ചിതാ ധൂമ പാളി പോല്‍
വന്നു നില്‍ക്കുന്ന തമോമയ രൂപമേ,
മോഹമാത്മാവിന്‍ വലം കൈയ്യില്‍ നല്‍കിയ
ദാഹജലക്കുമ്പിള്‍ തട്ടിപ്പറിച്ചു നീ!
നാടകം തീര്‍ന്നില്ല,യവസാന രംഗവും കൂടിയു-
ണ്ടെങ്ങു പോയെങ്ങ് പോയ് നായകന്‍?
ഒന്നിച്ചു ഞങ്ങളരങ്ങത്ത് വന്നതാ-
ണൊന്നും പറയാതെയെങ്ങു പോയ് നായകന്‍?
രംഗം തുടങ്ങണമസ്വസ്ഥ ചിത്തരായ്
തങ്ങളില്‍ തങ്ങളില്‍ നോക്കുന്നു കാണികള്‍!
ആരോ യവനിക വീണ്ടുമുയര്‍ത്തി, ഞാ-
നാരംഗ വേദിയില്‍ നിശ്ചലം നിന്നു പോയ്
ഈ നടക്കാവില്‍ വിടരുവാന്‍ നില്‍ക്കാതെ
കാനനപ്പൂക്കള്‍ കൊഴിഞ്ഞ് വീണീടവേ,
കൈയ്യിലൊരു പിടി ദര്‍ഭയുമായ്, ബലി-
ക്കല്ലു നനയ്ക്കുവാന്‍ ബാഷ്പോദകവുമായ്
നോവും മുടന്തുകാല്‍ വച്ചു നടന്നല-
ഞ്ഞീ വഴിയമ്പലപ്പൂമുഖത്തിണ്ണയില്‍ വന്നു കയറി ഞാന്‍,
വന്നു കയറി ഞാന്‍, കാലം കെടുത്തിയ
മണ്‍‍വിളക്കും താങ്ങി നില്‍ക്കുന്നു തൂണുകള്‍,
ഒറ്റയ്ക്കൊരിടത്തിരുന്ന് മനസ്സിന്‍റെ
കുത്തും ഞെറിയുമഴിച്ചു കെട്ടീടണം,
കൈപ്പ് കുടിച്ചു മയങ്ങിക്കിടക്കുമെന്‍
സ്വപ്നങ്ങളെക്കണ്ട് പൊട്ടിക്കരയണം,
എന്നിലെ തീക്കനലൂതിപ്പിടിപ്പിച്ച്
ചന്ദനപ്പട്ടടയ്ക്കഗ്നി കൊളുത്തണം.
സ്നേഹം മരിച്ചു കിടക്കുമെന്‍ കൂട്ടിലേ-
ക്കാഹാ! മടങ്ങിത്തിരിക്കുകയില്ല ഞാന്‍.
ഒന്നുമെന്നോടിന്ന് ചോദിക്കരുതാരു-
മെന്നെ വിളിക്കരുതാകെ തളര്‍ന്ന് ഞാന്‍.
കണ്ണീരില്‍ മാത്രമലിഞ്ഞു തീരാന്‍ നില്‍ക്കു-
മെന്നിലെ മൌനം എറിഞ്ഞുടയ്ക്കില്ല ഞാന്‍.
കൈയ്യില്‍ പിടയുമെന്നാത്മാവുമായ് വന്ന്
കണ്‍‍മുന്‍പില്‍ നില്‍ക്കും തമോമയ രൂപമേ,
എന്നെ ഞാന്‍ നല്‍കാം, എനിക്ക് തിരിച്ചു നീ-
യെന്ന് കൊണ്ടത്തരും വിക്രമന്‍ ചേട്ടനെ?

No comments:

Post a Comment