പി. ഭാസ്കരൻ

.
പി. ഭാസ്കരൻ
പി.ഭാസ്കരൻ.jpg
ജനനം 1924 ഏപ്രിൽ 21(1924-04-21)
കൊടുങ്ങല്ലൂർ, തൃശ്ശൂർ
മരണം 2007 ഫെബ്രുവരി 25 (പ്രായം 82)
തിരുവനന്തപുരം
തൊഴിൽ കവി, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ
മലയാള ഗാനശാഖക്ക് തന്റേതായ സംഭാവന ചെയ്ത പ്രതിഭാശാലിയായിരുന്നു പി. ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 മെയ് 21- 2007 ഫെബ്രുവരി 25). പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ഇന്ദിര, മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തനം

വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി.

കലാജീവിതം

തന്റെ ഇരുപതാമത്തെ വയസിൽ തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാള ചലച്ചിത്ര ഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ്
എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാൽപ്പനികതക്ക് ജനകീയത നൽകിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തിൽ വിശ്വസിച്ചിരുന്നില്ല.
അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനം മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാള ചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും ഭാസ്കരൻ മാസ്റ്ററും ചേർന്ന് സംവിധാനം ചെയ്തതാണ്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്.
ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

മരണം

വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം 2007 ഫെബ്രുവരി 25 ഉച്ചക്ക് 1:10-നു അന്തരിച്ചു.

No comments:

Post a Comment