വീണ പൂവ്

മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ആണ് കുമാരനാശാൻ വീണപൂവ് ‘മിതവാദി’ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാൻ നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ
എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.
തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു.വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

വിവാദം

കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവർ ഉണ്ട് ‎. പന്തളം കേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കർക്കിടകം ലക്കം) അയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.
പ്രസൂന ചരമം ചെത്തി മിനുക്കി വിപുലീകരിച്ചതാണ് രണ്ടു വർഷത്തിനു ശേഷം വിവേകോദയത്തിൽ വന്ന കുമാരനാശാന്റെ വീണപൂവ് എന്നു കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ.അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിച്ചിക്കാൻ ശ്രമിച്ചിട്ടുണ്ട്. [1]
അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തിൽ, അയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തിൽ പ്രസൂന ചരമത്തെ മം‌ഗല്യ ദീപത്തിൻ അണയൽ ആയി കലിപ്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി. അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തിൽ വീണപൂവിന്റെ മൂലകം അയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂർ സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു

No comments:

Post a Comment